Pages

Saturday 17 September 2011

ലോക റെക്കോഡിനായി കണ്ണൂരില്‍ ഒത്തൊരുമപ്പൂക്കളം



കണ്ണൂര്‍: ആവേശത്തിന്റെ കൊടുമുടിയില്‍ ഒത്തൊരുമപ്പൂക്കളം ഇനി കണ്ണൂരിന് സ്വന്തം. 20000ചതുരശ്ര അടിയില്‍ 20 ടണ്‍ പൂക്കള്‍കൊണ്ടുതീര്‍ത്ത പൂക്കളം ഗിന്നസ് റെക്കോഡ്‌സില്‍ ഇടം പിടിക്കുമെന്ന് തീര്‍ച്ചയായി. കളക്ടറേറ്റ് മൈതാനിയില്‍ 40000 ചതുരശ്ര അടിയില്‍ ഇതിനായി നിര്‍മിച്ച പന്തല്‍ പൂക്കളത്തിന് മുമ്പേ ലിംകാ റെക്കോഡ്‌സില്‍ ഇടം പിടിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ഉള്ളില്‍ തൂണുകളില്ലാത്ത ഏറ്റവും വലിയ പന്തല്‍ എന്ന റെക്കോഡാണ് ഇത് നേടിയത്.

ഏഴ് ഭൂഖണ്ഡങ്ങളെ പ്രതിനിധീകരിച്ച് ഏഴുനിറങ്ങളിലുള്ള വ്യത്യസ്തപൂക്കളാണ് ഇതിനായി ഉപയോഗിച്ചത്. 20 ടണ്‍ വേണ്ടിവന്നു ഈ പൂക്കളത്തിന്. കണ്ണൂരിന്റെ മുഖമുദ്രയായ തെയ്യവും സമാധാനത്തിന്റെ അടയാളമായ വെള്ളരിപ്രാവുകളും ചേര്‍ന്നുള്ള ഡിസൈന്‍ ഒരുക്കിയത് ആര്‍ട്ടിസ്റ്റ് ശശികലയാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, സ്‌കൗട്ട്, എന്‍ സിസി, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്, സാംസ്‌കാരികസംഘടനകള്‍, ക്ലബ്ബുകള്‍, അധ്യാപകര്‍, കുടുംബങ്ങള്‍ എന്നിങ്ങനെ 1500 ഓളംപേര്‍ കൈയും മെയ്യും മറന്ന് ഒത്തുചേര്‍ന്നതോടെ 45 മിനിട്ടുകൊണ്ട് പൂക്കളം റെക്കോഡുകളിലേക്ക് സുഗന്ധംപരത്തി കടന്നുകയറുകയായിരുന്നു.


പത്തുലക്ഷം രൂപയുടെ പൂക്കളാണ് കളത്തില്‍ നിറഞ്ഞത്. പൂക്കളിടാന്‍ കണ്ണപുരത്തെ 73 കാരി ഭാര്‍ഗവിക്കും ഒന്‍പതുകാരന്‍ വാശാലിനും ഒരേ മനസ്സ്. ഇതൊരു ചരിത്രസംഭവമാണെന്നും അതിനാലാണ് പൂവിടാനെത്തിയതെന്നും ഇവര്‍പറയുന്നു.


രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ചിറക്കല്‍ കോവിലകം രാജാ രവീന്ദ്രവര്‍മ വെള്ളരിപ്രാവിനെപ്പറത്തി ചടങ്ഗ് ഉദ്ഘാടനം ചെയ്തു.കണ്ണൂര്‍ എം എല്‍ എ പി അബ്ദുള്ളക്കുട്ടി, 31 കേരള എന്‍ സിസി ബറ്റാലിയന്‍ കേണല്‍ സുരേശന്‍ ,ഡി.ടി.പി.സി. സെക്രട്ടറി കുഞ്ഞിരാമന്‍,ജില്ലാ പ്ലാനിങ് ഓഫീസര്‍ അജയകുമാര്‍, മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഒ.മോഹനന്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.ചടങ്ങിന്റെ ഔദ്യോഗിക റേഡിയോ പാര്‍ട്ണര്‍ ക്ലബ് എഫ് എം 94.3 യാണ്. ഗേഌബേഴ്‌സ് എന്റര്‍ടെയ്ന്‍ മെന്റാണ് പൂക്കളത്തിന്റെ സംഘാടകര്‍.എല്‍മെക്‌സ് വെഡിങ് കാസില്‍, നിക്ഷാന്‍ ഇലക്‌ട്രോണിക്‌സ്, ആല്‍ഫാവണ്‍, ഷെര്‍ലോണ്‍, വെല്‍ഗേറ്റ് എന്നിവരുടെ സഹകരണത്തോടെയാണ് പൂക്കളം നിര്‍മിച്ചത്.19 ാം തീയതിവരെ പൊതുജനങ്ങള്‍ക്ക് ഇത് സൗജന്യമായി കാണാം .ഇതോടൊപ്പമുള്ള വേദായാല്‍ കലാപരിപാടികളുമുണ്ടാകും.


No comments:

Post a Comment