Pages

Saturday 17 September 2011

കോരന്റെ കഞ്ഞി...





ഒരു വീട്ടിലെ രണ്ട് കുട്ടികള്‍. മൂത്തവന്‍ നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നു. രാവിലെ വയറ് നിറച്ചെന്നു വരുത്തി മൂന്നു കിലോ മീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് കീറിയ നിക്കറും പിഞ്ഞിപ്പോയ കുപ്പായവും പഴകിത്തേഞ്ഞ വള്ളിച്ചെരുപ്പും ധരിച്ച് നടന്നു പോവും. സ്‌കൂളില്‍ നിന്നുകിട്ടുന്ന കഞ്ഞിയാണ് ഉച്ചഭക്ഷണം. ഇളയവന് പുതിയ യൂണിഫോം, പോളീഷ്‌ചെയ്ത് തിളക്കിയ ഷൂ. സ്വകാര്യ ഇംഗ്ലീഷ്മീഡിയം സ്‌കൂളിലേക്ക് ഓട്ടോയില്‍ യാത്ര. ലഞ്ച് ബോക്‌സില്‍ പോഷകസമ്പുഷ്ടമായ ആഹാരം. ക്ലാസില്‍ ഒന്നാമനായി തിരിച്ചെത്തുന്ന മൂത്തവനെ വീട്ടിലാരും അഭിനന്ദിക്കാറില്ല. ക്ലാസില്‍ പതിനാലാമനായി തിരിച്ചെത്തിയാലും രണ്ടാമനെ ' ഗുഡ്‌ബോയ് ' എന്നു പറഞ്ഞ് പുറത്തുതട്ടി അച്ഛന്‍ വിലകൂടിയ ചോക്ലൈറ്റ് എടുത്തുകൊടുക്കും. ഇങ്ങനെയായപ്പോള്‍ മൂത്തവന് സംശയം ഞാന്‍ അച്ഛന്റെ മകന്‍ തന്നെയല്ലേ ?
ഇങ്ങനെയൊരു സംശയത്തിലാവണം ഇപ്പോള്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് കിരീടം ജയിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീമംഗങ്ങള്‍. വിവാദത്തിന്റെ പേരില്‍ മാത്രം ഇന്ത്യന്‍ ഹോക്കി മാധ്യമങ്ങളില്‍ നിറയുന്ന ഒരു ഘട്ടത്തിലാണ് അപ്രതീക്ഷിതവും ഉജ്ജ്വലവുമായ ഈയൊരു വിജയം ഇന്ത്യന്‍ ടീം നേടിയത്. ഇന്ത്യന്‍ ഹോക്കിക്ക് ഒരു ഉണര്‍ത്തുപാട്ടായി ഈ നേട്ടം മാറുമെന്ന് സ്വാഭാവികമായും നമ്മള്‍ പ്രതീക്ഷിച്ചു. പക്ഷെ വിജയശ്രീലാളിതരായി ടീം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തിയ ഉടന്‍ തന്നെ അവര്‍ അപമാനിതരായി. സമ്മാനമായി ദേശീയ ഹോക്കി സംഘടന പ്രഖ്യാപിച്ചത് 25,000 രൂപ. ഇന്നത്തെ നിലയ്ക്ക് ശരാശരി നിലവാരമുള്ള ഒരു ഹോക്കി കിറ്റ് വാങ്ങാന്‍ പോലും തികയാത്ത തുക. നിലവാരമില്ലാത്ത ഷൂ ധരിച്ചായിരുന്നു ടീംമംഗങ്ങള്‍ പലരും ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയത്. കളിക്കാനുള്ള കിറ്റ് ടീംഗങ്ങള്‍ സ്വന്തം പണം മുടക്കി വാങ്ങണമത്രെ. ഛെ, ലജ്ജാകരം......

സമീപ കാലത്ത് ഇന്ത്യകണ്ട ഏറ്റവും മികച്ച ഹോക്കിതാരം ധന്‍രാജ് പിള്ളയുടേതായിരുന്നു ഈ പ്രശ്‌നത്തില്‍ ഏറ്റവും ശ്രദ്ദേയവും ഉചിതവുമായ പ്രതികരണം. -ക്രിക്കറ്റിലും മറ്റും സംഭവിക്കുന്നത് പോലെ പ്രശസ്തിക്കോ പണത്തിനോ വേണ്ടിയല്ല ഇന്ത്യന്‍ ഹോക്കി താരങ്ങള്‍ കളിക്കുന്നത്, രാജ്യത്തിന് വേണ്ടി മാത്രമാണ് ഞങ്ങള്‍ കളിച്ചത്, കളിക്കുന്നതും. അതുകൊണ്ട് ആദരിച്ചില്ലെങ്കിലും , അപമാനിക്കരുത്. -ഇതായിരുന്നു പിള്ള പറഞ്ഞതിന്റെ പൊരുള്‍. എന്തുകൊണ്ടും ഇത് പറയാന്‍ ഏറ്റവും അര്‍ഹതയുള്ള വ്യക്തിയാണ് പിള്ള തൊണ്ണൂറുകളില്‍ ലോകത്തെ ഏറ്റവും മികച്ച ഫോര്‍വേഡായിരുന്നു പിള്ളയെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെയൊക്കെ ആദരിക്കപ്പെടേണ്ട കായിക ഇതിഹാസം. പക്ഷെ, കളിക്കുന്ന കാലത്ത് ധന്‍രാജിന് ലഭിച്ച പരിചരണം എങ്ങനെയായിരുന്നു? സ്വന്തം ടീമംഗങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും അപ്രിയ സത്യങ്ങള്‍ പറയുകയും ചെയ്തതിന്റെ പേരില്‍ പലതവണ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടു. പ്രസ്താവനകളിലൂടെ ദേശീയ ഹോക്കി സംഘടനയുടെ മേലാളര്‍ അദ്ദേഹത്തെ അപമാനിച്ചു. ഈ അധിക്ഷേപങ്ങളോടും അവഗണനയോടും പൊരുതിയായിരുന്നു ധന്‍രാജ് രാജ്യത്തിന് വേണ്ടി ഗോളുകള്‍ അടിച്ചുകൂട്ടിയതും തിളക്കമുറ്റ വിജയങ്ങള്‍ സമ്മാനിച്ചതും.


ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ വിന്നിങ് ഷോട്ട് ഉതിര്‍ത്ത ആ നിമിഷത്തില്‍ തന്നെ ദേശീയ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ടീമംഗങ്ങള്‍ക്ക് വന്‍തുക പരിതോഷിതം പ്രഖ്യാപിച്ചിരുന്നു. അത് ഒരു സംഘടന എന്ന നിലയില്‍ അവരുടെ മികവും മേന്‍മയുമായി തന്നെ കാണണം. അതേസമയം ക്രിക്കറ്റിനേക്കാള്‍ ലോകത്ത് പ്രചാരവും സ്വീകാര്യതയുമുള്ള ഗെയിമായ ഹോക്കിയില്‍ അത്തരം പ്രൊഫഷണലായ ഭരണ സംവിധാനം നമുക്കില്ലാതെ പോയി. എത്ര ഒളിമ്പിക്‌സ് മെഡലുകളാണ്, വലിയ നേട്ടങ്ങളാണ് ഹോക്കി രാജ്യത്തിന് സമ്മാനിച്ചത്! അതെല്ലാം ഹോക്കി സംഘടനയുടെ ചുമതലയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ഇന്ത്യന്‍ സര്‍ക്കാറിനോ കായിക മന്ത്രാലയത്തിനോ കഴിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താന്‍ എത്ര പണമാണ് നമ്മുെട പൊതു ഖജനാവില്‍ നിന്ന് ചെലവഴിച്ചത് ? എന്തിനായിരുന്നു ഈ മാമാങ്കം? ആ തുകയുടെ ആയിരത്തിലൊന്ന് നമ്മുടെ ദേശീയ കായിക വിനോദമായ ഹോക്കിയുടെ വളര്‍ച്ചക്കായി ചിലവഴച്ചിരുന്നെങ്കില്‍ ! ഇതൊന്നും സര്‍ക്കാറിന്റെ ബാധ്യതയല്ലെങ്കില്‍ പിന്നെന്തിനാണ് നമുക്ക് കായിക മന്ത്രാലയം, സ്‌പോര്‍ട്‌സിന് മാത്രമായി കേന്ദ്ര മന്ത്രി, സായ് പോലുള്ള സംവിധാനങ്ങള്‍, അല്ലെങ്കില്‍ ആയിരക്കണക്കിനു വരുന്ന ഉദ്യോഗസ്ഥരെ സ്‌പോര്‍ട്‌സിന്റെ പേരില്‍ തീറ്റിപ്പോറ്റുന്നത് എന്തിനാണ് ?

ഈ ഘട്ടത്തില്‍ നമ്മുടെ ക്രിക്കറ്റ് താരങ്ങളെക്കുറിച്ചും അല്‍പം പറയാതെ വയ്യ. അമിത ലാളനകൊണ്ട് വഷളായി പോയ കുട്ടികളുടെ പ്രതീതിയാണ് അവര്‍ ജനിപ്പിക്കുന്നത്. ഇംഗ്ലീഷ് പര്യടനത്തില്‍ തോറ്റമ്പിയ ടിം ലണ്ടനില്‍ നടന്ന ഐ സി സി അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നത് വിവാദമായി. ഇന്ത്യന്‍ നായകന് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് അവാര്‍ഡും പ്രഖ്യാപിച്ചിരുന്നു. ലണ്ടനില്‍ ഉണ്ടായിരുന്നിട്ടും അത് വാങ്ങാന്‍ അദ്ദേഹം എത്തിയില്ല. എന്തൊരു സ്പിരിറ്റ്! ഇത് പുതിയ സംഭവവുമല്ല. ദേശീയ കായിക പുരസ്‌കാരമായ അര്‍ജുന അവാര്‍ഡ് ഒരു വര്‍ഷം മുമ്പ് ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങിന് നല്‍കിയിരുന്നു. ആ അവാര്‍ഡ് ഇന്ത്യന്‍ രാഷ്ട്രപതി വിതരണം ചെയ്തപ്പോള്‍ ഏറ്റുവാങ്ങാന്‍ ഈ ക്രിക്കറ്റര്‍ എത്തിയില്ല. അദ്ദേഹം ഒരു പരസ്യ ചിത്രീകരണത്തിന്റെ തിരക്കിലായിരുന്നു. ഇവര്‍ ഇപ്പോള്‍ ആരെയാണ് പ്രതിനിധീകരിക്കുന്നത് ?

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ഭരതരത്‌നം നല്‍കണമെന്ന് ആരാധകര്‍ മുറവിളി ഉയര്‍ത്തുന്നു. അതില്‍ കുഴപ്പമൊന്നുമില്ല. അദ്ദേഹം അത് അര്‍ഹിക്കുന്നു. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ബാറ്റ്‌സ്മാനായി മാറിക്കഴിഞ്ഞ സച്ചിന്‍ ഇന്ത്യക്ക് ഏറെ അഭിമാനിക്കാന്‍ കഴിയുന്ന നേട്ടങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ്. ഹര്‍ഭജനെ പോലെ രാജ്യം നല്‍കുന്ന പുരസ്‌കാരങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത കായിക താരവുമല്ല. എന്നാല്‍ ഇന്ത്യക്ക് നാല് ഒളിമ്പിക്‌സ് സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ച മഹാനായ കായിക താരം, ധ്യാന്‍ചന്ദിന് മരണാനന്തര ബഹുമതിയായെങ്കിലും ഭരതരത്‌ന നല്‍കാതെ അത് സച്ചിന് നല്‍കിയാല്‍ അത് സച്ചിനോടും ഭാരതരത്‌നയെന്ന പുരസ്‌കാരത്തോടും തന്നെ കാണിക്കുന്ന അവഹേളനമാവും.

No comments:

Post a Comment